Friday, 22 August 2014

സ്നേഹത്തിന്റെ കല്യാണം

ആപ്പിള്‍ മുന്തിരി ത്തോട്ടങ്ങളിലായിരുന്നു
സുകുമാരി എന്ന മാതാവിനും "ദാനശീലൻ" എന്ന പിതാവിനും ഒറ്റ  മകളായിട്ട
"സ്നേഹം" അവരുടെ കൊച്ചു കുടിലിലിൽ
ജനിച്ചത്

സുകുമാരയ്ക്കും ദാനശീലനും
സ്നേഹം ജനിച്ചത് മുതല്‍ ആ കുടിലൊരു  സ്വർഗമായി

ആ കുടിലിനു അവര്‍  "സ്വർഗം" എന്ന പേരിട്ട് വിളിച്ചു

ആ സ്വർഗത്തിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു

നിറയെ സുഗന്ധവും ഭംഗിയുള്ളതുമായ സ്വപ്ന പൂക്കളും പുഞ്ചിരി പൂമ്പാറ്റകളും വിഹരിക്കുന്ന പൂന്തോട്ടം

ആ പൂന്തോട്ടത്തിലെ മാലാഖയെ പോലെ അവള്‍ ഒഴുകി ഒഴുകി നടന്നു

കുരുവികൾ നൃത്തം വെക്കുന്നതും വണ്ടുകൾ പൂക്കളെ ചുംബിച്ച് പരാഗണം നടത്തുന്നതും
ചിറകു മുളയ്ക്കാത്ത മോഹ പക്ഷികള്‍ ആകാശം തേടുന്നതും
അവള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു

തുമ്പികളുമായി സല്ലപിക്കാനും പനിനീർ പൂക്കളെ പരിപാലിക്കാനും അവള്‍ മറന്നില്ല
തേൻ നുകരാൻ വരുന്ന വാനമ്പാടിയെ  പാട്ടു പാടിച്ചു

തത്തമ്മയെ സംസാരിക്കാന്‍ പഠിപ്പിച്ചു
കുയിലിനോട് പാട്ടു മത്സരം നടത്തിയും അവള്‍ അങ്ങനെ ആ സ്വർഗത്തിൽ അലിഞ്ഞു ചേർന്നു ജീവിച്ചു

മുന്തിരി വള്ളികളിൽ തൂങ്ങിയും ആപ്പിള്‍ മരത്തിൽ ഊഞ്ഞാലാടിയും അവള്‍ ആ സ്വർഗത്തിൽ പറന്നു നടന്നു

തുമ്പപ്പൂവിനേയും ഓർക്കിഡ് പൂക്കളേയും മറ്റും തലോടി ആശ്വസിപ്പിച്ചു

ആ സ്വർഗത്തിലെ പൂന്തോട്ടത്തിലെ ഓരോ പുൽകൊടിയോട് പോലും അവള്‍ സംസാരിക്കുമായിരുന്നു

സുകുമാരിയുടെയും ദാനശീലൻറേയും നിറഞ്ഞ സ്നേഹത്തിന് മുന്നില്‍ സ്നേഹം സന്തോഷത്തോടെ ജീവിച്ചു
*     *       *      *    *     *     *      *
സ്നേഹത്തിന് നല്ല സൌന്ദര്യമുണ്ടായിരുന്നു

തുളുമ്പുന്ന മാതള പഴങ്ങളും
ആപ്പിള്‍ പോലുള്ള കവിളും
മുന്തിരി കുലകൾ പോലെ ചുരുണ്ടികൂടിയുള്ള മുടിയും തുമ്പപ്പൂവിനേയും തോൽപ്പിക്കുന്ന നിറവും കുയിലിൻറെ സ്വരവും അങ്ങനെ അങ്ങനെ ...

സ്നേഹത്തിന്റെ സൌന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ല... 

*     *       *      *    *     *     *      *

അങ്ങിനെയിരിക്കെ ദാനശീലൻ സുകുമാരിയോട് ചോദിച്ചു: 'സ്നേഹത്തിന്  എത്ര വയസ്സായി'

*     *     *     *     *     *     *    *    *

സമ്പത്ത് എന്ന വിരൂപനായ ചെറുപ്പക്കാരന്‍റെ ആലോചനയുമായി നുണയൻ എന്ന ബ്രോക്കര്‍ സ്വർഗത്തിലേക്ക് വന്നു
അവിശ്വസിനീയമായ നുണകളായിരുന്നു ബ്രോക്കര്‍ക്ക് പറയാനുണ്ടായിരുന്നത്

ആനയ്ക്ക് എടുത്താല്‍ പൊങ്ങാത്ത പൊന്നും പണവും ഏഴു തലമുറയ്ക്ക് കഴിയാനുള്ള ധാന്യങ്ങളും പരിചരിക്കാൻ പരിചാരകരും അങ്ങനെ അങ്ങനെ ...

സ്നേഹം നിഷ്കളങ്കയായിരുന്നു
എല്ലാം വിശ്വസിച്ചു
സ്നേഹത്തിന്റെ മാതാപിതാക്കളായിരുന്നു ഏറെ നിഷ്കളങ്കർ

അവര്‍ സ്നേഹത്തിന് നന്‍മകള്‍ മാത്രം വരാന്‍ ആഗ്രഹിച്ചു
സുഭിക്ഷമായി ജീവിക്കുന്ന സ്നേഹത്തിനെ ആ മാതാപിതാക്കള്‍ സ്വപ്നം കണ്ടു

സ്നേഹം അതിന്റെ പ്രകടനത്തിലും പ്രവര്‍ത്തിയിലും അമിതമായി ആ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നു

ദാനശീലൻ സുകുമാരി മാതാപിതാക്കള്‍ക്ക് സമ്പത്തിനെ അപരിതമായിരുന്നെങ്കിലും  സ്നേഹത്തിന് ജീവിക്കാന്‍ "സമ്പത്ത്" അനിവാര്യമാണെന്ന് അവര്‍ വിശ്വസിച്ചു

അപ്പോഴും ഇതൊന്നുമറിയാതെ ചുറ്റുപാടുകളുടെ സ്നേഹത്താൽ ശ്വാസം മുട്ടി
അവള്‍ ആ സ്വർഗത്തിൽ കിനാവിനോടും പ്രതീക്ഷകളോടും പുന്നാരം  പറഞ്ഞ് ജീവിക്കുന്നുണ്ടായിരുന്നു...

       *      *     *    *    *     *    *     *

സമ്പത്തിൻറെ അമ്മയുടെ പേര് "അവഗണന" എന്നായിരുന്നു
അച്ഛന്‍റെ പേര് "പിശുക്കൻ " എന്നുമായിരുന്നു

അവര്‍ക്ക് സമ്പത്തിനെ വലിയ ഇഷ്ടമായിരുന്നു
അവര്‍ ഒരുമിച്ചായിരുന്നു ഉണ്ണുന്നതും ഉറങ്ങുന്നതും

സമ്പത്തിൻറെ മാതാപിതാക്കള്‍ക്ക് പക്ഷേ സ്നേഹത്തിനെ ഇഷ്ടപ്പെട്ടില്ല
ഒന്നാമത് അവര്‍ കണ്ട ന്യൂനത സ്നേഹത്തിന് സമ്പത്തില്ല എന്നതായിരുന്നു

എന്നാല്‍ സമ്പത്ത് സ്നേഹത്തിന്റെ സൗന്ദര്യത്തിൽ മയങ്ങിയിരിക്കുന്നു
അതുപക്ഷേ പിശുക്കനുംഅവഗണനയക്കും
അറിയാമായിരുന്നില്ല

അങ്ങനെ പിശുക്കനായ സമ്പത്തിൻറെ അച്ഛന്‍  സ്നേഹത്തിന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ സ്ത്രീധന  നിബന്ധനകള്‍ വെച്ചു

കല്യാണം ദാനശീലൻറെ ചിലവിൽ നടത്തുക
ആപ്പിളിൻറേയും മുന്തിരിയുടേയും ഉടമസ്ഥാവകാശം സമ്പത്തിന് നൽകുക
സ്വപ്നപൂന്തോട്ടത്തിൽ വെച്ച് കല്യാണം  നടത്തുക
മനം നിറയെ സംതൃപ്തിയാകും വരെ ഊണ് വിളമ്പുക
അങ്ങനെ ഒത്തിരി നിബന്ധനകള്‍

ദാനശീലൻറെ കൈയില്‍ സ്നേഹം മാത്രമേണ്ടായിരുന്നുള്ളൂ

സ്നേഹത്തിനെ സ്വന്തമാക്കാൻ സമ്പത്തിന് സാധിക്കുമെന്ന് സമ്പത്ത് മോഹിച്ചു
അതുകൊണ്ട് തന്നെ ഊണും ഉറക്കവുമില്ലാതെ സമ്പത്ത് സ്നേഹത്തിനെ സ്വപ്നം കണ്ടു

സ്നേഹത്തിനെ സ്വന്തമാക്കാൻ സമ്പത്ത് ശ്രമം തുടങ്ങി
സമ്പത്തിന് എന്തു വില കൊടുത്തും സ്നേഹത്തിനെ സ്വന്തമാക്കണമായിരുന്നു

*     *     *     *      *     *      *    *

ദാനശീലൻറെ കൈയില്‍ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല ഉണ്ടായിരുന്ന സമ്പത്തെല്ലാം ദാനശീലൻ ദാനം ചെയ്തിരുന്നു

ഇനി പൂന്തോട്ടവും മുന്തിരി ആപ്പിള്‍ തോട്ടങ്ങളും പണയം വെക്കണമായിരുന്നു

അങ്ങിനെ പണയവസതുവുമായി കാലൻറെ പലിശ കടയില്‍ ചെന്നു. കാലന് പണയവസതു ഇഷ്ടപ്പെട്ടു. ആവശ്യമുള്ള പണം കാലൻ ദാനശീലന് നൽകി.

അങ്ങനെ സ്നേഹത്തിന്റെ കല്യാണം ആർഭാടപൂർവ്വം നടന്നു

*  *   *    *    *    *

സമ്പത്തിൻറെ വീടിന്റെ പേര് "നരകം" എന്നായിരുന്നു
പേര് പോലെ ത്തന്നെ അതൊരു നരകമായിരുന്നു

അവഗണനയുടെ പെരുമാറ്റം സ്നേഹത്തിന് മനസ്സിലാവുമായിരുന്നില്ലാ,
പിശുക്കൻറെ സാമ്പത്തിക ശാസ്ത്രവും

എന്നിട്ടും സ്നേഹം സ്വന്തം പ്രവര്‍ത്തിയിലും കഴിവിലും വിശ്വസിച്ചു

സമ്പത്തിനെ സ്നേഹം കൊണ്ട് കീഴടക്കാമെന്ന് മോഹിച്ചു
എന്നാല്‍ സ്നേഹത്തിന്റെ സ്നേഹമല്ല സൗന്ദര്യത്തെയായിരുന്നു സമ്പത്തിന് വേണ്ടിയിരുന്നത്

*     *     *    *      *       *      *       *
അവഗണനയുടെ മൌനം ചുമന്ന് സ്നേഹം വീർപ്പു മുട്ടി

സ്നേഹം പലപ്പോഴും തനിച്ചായി

ഏകാന്തതയില്‍ സ്നേഹം സ്വയം ഉരുകി

സ്നേഹത്തിന് പരിചയമില്ലാത്ത പങ്ക് വെക്കലുകൾക്കു സമ്പത്ത് നിർബന്ധിക്കുന്നതായിരുന്നു സ്നേഹത്തിനെ ഏറ്റവും വേദനിപ്പിച്ചത്

അവഗണനയുടെ പരിഹാസവും പിശുക്കൻറെ കണക്ക് പറച്ചിലും സമ്പത്തിൻറെ വൻകിട കാഴ്ച വെക്കലുകൾക്കും മുന്നില്‍ സ്നേഹം തളർന്നു

സ്നേഹം നരകം വിട്ടിറങ്ങി
തന്റെ സ്വർഗത്തിലേക്ക് ഓടിപോയി

അപ്പോള്‍ കണ്ടത്
ആപ്പിള്‍ മരക്കൊമ്പുകൾ ദാനശീലൻറേയും കരുണയുടേയും ആത്മാവും ശരീരവും പരസ്പരം വേർപെടുത്തി മുന്തിരി വള്ളികളിൽ ഊഞ്ഞാലാടി കൊണ്ടിരിക്കുന്നതാണ്...!!!

മുന്തിരി വള്ളികൾക്ക് പോലും വേദനിച്ചു...
അത് സഹിക്കാനാവുന്നില്ലെന്ന് തോന്നി ...

കഴുത്തില്‍ മുറുകിയ മുന്തിരി
വള്ളികളിൽ ചുറ്റി ആ രണ്ടാത്മാക്കൾ സ്വർഗത്തിൽ നിന്നും അവസാനത്തെ യാത്ര പോയി

സ്നേഹം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു

തന്റെ പിതാവ് ദാനശീലനും തന്റെ മാതാവ് സുകുമാരിയും പോയ വഴിയിലൂടെ യാത്ര പോകാൻ
സ്നേഹത്തിന് കീഴടങ്ങിയാണ് ശീലം
അവള്‍ പുഞ്ചിരിച്ചു കൊണ്ട് കീഴടങ്ങി

സ്നേഹം മുന്തിരി വള്ളികളിൽ നിന്നും കുറച്ച് വള്ളികൾ  അടർത്തിയെടുത്ത് മൃദുലമായ കഴുത്തില്‍ മുറുക്കി 

മുന്തിരി വള്ളികൾക്ക് വേദനിച്ചു
അവയും കരഞ്ഞു 

മുന്തിരിയുടേയും ആപ്പിളിൻറേയും മണമുണ്ടായിരുന്നു  ആ നിശ്ശബ്ദതയ്ക്ക്

ഒടുവില്‍ സ്നേഹം സ്വർഗത്തിൽ നിന്നും കരുണയുള്ളവരുടെ ലോകത്തിലേക്ക് യാത്രയാകുന്നത് പൂക്കള്‍ക്കും പൂമ്പാറ്റകൾക്കും പക്ഷികള്‍ക്കും നോക്കി നിൽക്കാനാവുമായിരുന്നില്ല

ആ സ്വർഗത്തിൽ പൂക്കള്‍ വാടി തളർന്നു  വീണു

പക്ഷികള്‍ പരസ്പരം അക്രമിച്ചു

പഴങ്ങൾ ഇളം പ്രായത്തില്‍ കൊഴിഞ്ഞു വീണു

*    *     *     *     *      *      *     *     *   

പലിശക്കാരൻ കാലൻ സ്വർഗം സ്വന്തം പേരില്‍ ചേര്‍ത്തെഴുതി ...!! 

*      *      *      *      *      *      *     *    *

അപ്പോഴും നുണയൻ ബ്രോക്കര്‍ സമ്പത്തിന് വേണ്ടി പുതിയ സ്നേഹത്തിനെ തിരയുന്നുണ്ടായിരുന്നു....

ശുഭം

Wednesday, 20 August 2014

ദയയുടെ രൂപമാറ്റം

ഒരിടത്തൊരു ദയയുണ്ടായിരുന്നു, മുറിവേൽക്കാത്തത്,ഏറെ അലിവുള്ളത്... അങ്ങിനെയിരികെ ഒരിക്കൽ ദയ അഹത്തെ ഒരു യുദ്ധമുഖത്ത് വെച്ച് കണ്ടുമുട്ടി.
ഒത്തിരി തലച്ചോറുകൾ രക്തം വാർന്നു കരയാൻ പോലും കഴിയാതെ പിടഞ്ഞു മരിക്കുന്നതാണ് ദയ കണ്ടത്, അഹത്തിൻറെ ബൂട്സിൻറെ അടിയില്‍ കിടന്ന് എത്രയോ തലച്ചോറുകൾ ഞെരിച്ചമരുന്നതും...
ദയയ്ക്ക് ഇതൊന്നും കണ്ടു നിൽക്കാനാവുമായിരുന്നില്ല, അസഹ്യമായ സങ്കടത്താൽ ദയ കണ്ണു പൊത്തി
ദയയുടെ ധൈര്യം തടഞ്ഞു നിർത്താനാവാത്ത വേദനയാൽ അണപൊട്ടി ഒഴുകി
ദയയ്ക്ക് വിവേകമുണ്ടായിരുന്നില്ല
അമിതമായ ആവേശത്താൽ അലിവു കാണിക്കുന്നതിന് പ്രവര്‍ത്തിച്ച ദയ അഹത്തിൻറെ അക്രമത്തിൽ മുറിവേറ്റു രക്തം കുടിച്ചു പിടഞ്ഞു കൊണ്ടിരുന്നു
ദയയ്ക്ക് മരണമില്ലായിരുന്നുവെങ്കിലും  അവയുടെ രൂപം മാറി
അഹത്തിൻറെ ബൂട്സും ധരിച്ചായിരുന്നു പിന്നീടുള്ള യാത്ര...
ഗർഭപാത്രത്തിലെ കുഞ്ഞിനെ കൊന്നു  മരുന്നുകള്‍ക്കു വേണ്ടി പരീക്ഷിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രവും രൂപമാറ്റത്തിൽ വ്യസനിച്ചില്ല...
ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രികനും ദയയുടെ രൂപമാറ്റം വേദനിപ്പിച്ചു...
നാലു വയസ്സുകാരിയുടെ ലൈംഗിക ശേഷി പരിശോധിച്ച നിമിഷത്തിലും...
അടക്കാനാവാത്ത പണക്കൊതിയാൽ അമ്മയിൽ കാമം തീർത്ത് ഒടുവില്‍ കഴുത്തറുത്ത വികാരത്തിനും ദയയുടെ രൂപമാറ്റത്തിൽ വേദനിച്ചു...
ദയയുടെ പേര് മാറിയില്ല...
മാറ്റാന്‍ ദയയ്ക്ക് സമ്മതമല്ലായിരുന്നു
വിശദീകരണങ്ങൾ മാറി, വിശ്വസിക്കാനാവാത്ത വിശദീകരണങ്ങളായിരുന്നു
കാലം ദയയുടെ പേര് അഹംത്തിനും തിരിച്ചും മാറി മാറി വിളിച്ചു, പലപ്പോഴും അതൊരു അനിവാര്യതയായി...
എന്നാലും ദയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു...
പ്രതീക്ഷയോടെ