Friday, 24 October 2014

പഴം കാത്തിരുന്ന ചളിയൻ


രാജുമോന്റെ മുന്നിലെ പഴക്കടയിൽ ഓറഞ്ചു നിന്ന് തിളങ്ങുന്നു. ആപ്പിളുകളും മുന്തിരിയുടേയും അങ്ങനെ നിരവധി പഴങ്ങൾ നോക്കി നിൽക്കേ രാജുമോന്റെ വായിൽ വെള്ളം നിറഞ്ഞു. അവന്‍ തന്റെ കീറിയ നിക്കറിൻറെ പോക്കറ്റില്‍ തപ്പി നോക്കിയപ്പോള്‍ അവൻറെ കണ്ണുകളും നിറഞ്ഞു പോയി...
അവന്‍, ആ ഏഴു വയസ്സുകാരൻ നിക്കറ് ഒന്നും കൂടി മുറുക്കി തിരിഞ്ഞു നടന്നു. അവന് അവൻറെ അമ്മയെ ഓർമ്മ വന്നു. അവന്‍റെ അമ്മ ഏഡ്സ് ബാധിച്ച് പുഴുവരിച്ചാണ് മരിച്ചത്.
അതില്‍ പിന്നെ ആരും അവനോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല

അവന്‍ ജോലി ചെയ്യുന്ന ഹോട്ടലിലെ അടുക്കളയില്‍ പോയി അവിടെ ജോലി തുടങ്ങി. നിറയെ എച്ചിലിൻറെ അവശിഷ്ടങ്ങള്‍ ചിക്കന്‍ മട്ടൻ എല്ലാം പാതി തിന്നതും ബാക്കി വെച്ചതും. ഇടയ്ക്കിടെ ആ എല്ലിൻ കഷണങ്ങളിലെ ഇറച്ചി അവന്‍ വായിലേക്ക് കൊണ്ടു പോകുന്നുണ്ട്.

അവിടെയുള്ള പണി കഴിഞ്ഞതിനു ശേഷം ടേബിളിൻറെ മുകളില്‍ നിന്നും പ്ലേയ്ട് കൊണ്ടു വരാന്‍ പോയി. അവിടെയും കഴിച്ചു ബാക്കി വെച്ചവ അവന്‍ പ്രത്യേകം മാറ്റി വെയ്ക്കുന്നുണ്ടായിരുന്നു. വീണ്ടും ആ എച്ചിൽ പാത്രങ്ങളുമായി രാജുമോൻ അടുക്കളയിലേക്ക് പോയി. ബാക്കി വന്ന ആഹാരങ്ങൾ കഴിക്കുമ്പോ അവൻറെ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണുനീര് എല്ലിൻ കഷണങ്ങളിലെ ഇറച്ചി കാഴ്ച്ചയിൽ നിന്നും മായ്ച്ചു കളഞ്ഞിരുന്നു.

അപ്പോഴെല്ലാം ആ ഹോട്ടലിലെ ജനൽ പഴുതിലൂടെ ആ പഴങ്ങളുടെ കടയിലേക്ക് അവൻറെ നോട്ടം പോകുന്നുണ്ടായിരുന്നു.
അവന്‍ ആ പഴങ്ങൾ വല്ലാതെ കൊതിച്ചു. നല്ല പഴങ്ങൾ. ആ പഴങ്ങൾ അവനെ മാടി വിളിച്ചു കൊണ്ടിരുന്നു. പക്ഷേ അവൻറെ കൈയില്‍ ചളിയും വൃത്തികെട്ട കുറെ എല്ലിൻ കഷണങ്ങളും ദിവസവും എല്ലാവരും അവനെ രാവിലെ മുതല്‍ വൈകുന്നേരം വരെ വിളിച്ചു കൊണ്ടിരിക്കുന്ന തെറികളും മാത്രം.
നനഞ്ഞ കണ്ണുകളുമായി രാജുമോൻ മുതലാളിയുടെ അടുത്തേക്ക് പോയി.
മുതലാളി അവനെ ഒന്നു നോക്കി
"ഉം..? എന്താ ..?"

"കാ... കാ.... "
"കായോ ...?!! എന്തു കാ..."
" കാശു വേണമായിരുന്നു "
"ഏതു കാശു "
" എനിക്കു കുറച്ച് പഴം ..."
മുഴുവന്‍ പറയാന്‍ രാജുമോന് സമയം കിട്ടിയില്ല. അതിനു മുന്‍പേ കിട്ടി മുഖത്ത് ആഞ്ഞ് ഒരടി..! തല കറങ്ങി രാജുമോൻ നിലത്തു വീണു.
അടി കൊണ്ട് ബോധം നഷ്ടപ്പെട്ടു കിടക്കുമ്പോഴും അവൻറെ കണ്ണുകള്‍ നല്ല മനോഹരമായ ഭക്ഷണത്തിനായ് പഴക്കട  തിരയുന്നുണ്ടായിരുന്നു.

No comments:

Post a Comment